കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനം എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ്. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായരാണെന്നും പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിനാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി.
ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ലെന്നും വിമർശനമുണ്ട്. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഗവൺമെന്റ് പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.കെ. റഹ്മാനാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്.
ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയിൽ നിന്നാണ് നിയമനം എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. സർക്കാർ പ്ലീഡറുമായി ബന്ധപ്പെട്ട കെഎസ്യു വിമർശനത്തെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്തെ കെഎസ്യു ആണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നത്. കെഎസ്യുവിന് ഗവൺമെന്റ് പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ലോയേഴ്സ് കോൺഗ്രസ് സമർപ്പിച്ച പട്ടികയിൽ നിന്നാണ് നിയമനങ്ങളെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ എഐസിസി ഇടപെടണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
നിയമന ശുപാർശകളിൽ പരിശോധന വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കൊപ്പമുള്ള അഭിഭാഷകർ നിയമനത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചതിലെ നിരാശയും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു.
ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ ഭരണ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരുടെ ത്യാഗത്തിലും സന്നദ്ധതയിലും പടുത്തുയർത്തിയതാണ് കോൺഗ്രസ് പാർട്ടിയെന്നും പരാതിയിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബേസിൽ മേച്ചേരിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.